September 24, 2023
Letter-from-MAHABALI

പ്രേക്ഷകൻ :          മഹാബലി, പാതാളം

സ്വീകർത്താവ് :   വിദ്യാർത്ഥികൾ,  MIIM കുട്ടിക്കാനം.

മരിയനിലെ ഓണാഘോഷത്തിന് എത്തിയില്ലേൽ നാണക്കേട് കൊണ്ട് പാതാളത്തിൽ കിടക്കാൻ വയ്യാ. ഇനി ഒറ്റ വഴിയേ ഉള്ളു. ദേ.. ഇപ്പൊ വരാം എന്ന് പറഞ്ഞ് നൈസ് ആയിട്ട് ഒറ്റ മുങ്ങൽ മുങ്ങി. അത് എന്താണെന്നോ..? 14 ദിവസം ക്വാറന്റൈൻ  മുൻപിൽ കണ്ട് ഓഗസ്റ്റ് 14 -ന് തന്നെ അവിടുന്ന് സ്ഥലം വിട്ടു.

വരുന്നവഴി കുതിരാൻ ചുരത്തിലെ കിണറുപോലത്തെ കുഴികളിൽ വീഴാതിരിക്കാൻ  നോക്കിയും കണ്ടുമാണ് ഇറങ്ങിയത്. ക്വാറന്റൈനിനിൽ പിടിച്ചിടാതെ രക്ഷപെടാൻ ചെറിയ പ്ലാൻ ഉണ്ട്. പക്ഷെ പാലിയേക്കരയിലെ ടോളിൽ കുടുങ്ങിയ വഴി, ആരോഗ്യപ്രവർത്തകർ എന്നെ, നിലവിളി ശബ്ദമിട്ട വണ്ടിയിൽ ക്വാറന്റൈനിലാക്കി. കയ്യിൽനിന്നും കാശുപോയത് മാത്രമല്ല കൊതുകുകടിയും മിച്ചം. നിങ്ങളെ കാണാതെ തിരിച്ചുപോകാൻ ഉദ്ദേശം ഇല്ലാത്തതിനാൽ എല്ലാം സഹിച്ചു നേരെ കുട്ടിക്കാനത്തേക്..

ക്വാറന്റൈൻ നിന്നും ഇറങ്ങിയ ഉടനെ മലപ്പുറത്തിന് വച്ചു പിടിച്ചു. ആനയുടെ കൊലപാതകത്തിൽ ലോകജനതയുടെ തെറിവിളി ഏറ്റുവാങ്ങി, ഇപ്പോൾ വിമാനാപകടത്തിൽ അനേകരെ രക്ഷിച്ചു പ്രശംസ ഏറ്റുവാങ്ങിയ കൊണ്ടോട്ടിയിലെ നല്ലവരായ മനുഷ്യരെ, നമ്മടെ മലപ്പുറത്തെ ചങ്കുകളെ കണ്ട് ആശംസകൾ അറിയിച്ചു.

ഞാനെന്താ ഇത്തവണ ലോറി പിടിച്ചു വന്നത് എന്നു പലരും ചോദിച്ചു.നല്ല വെള്ളപ്പൊക്കം അല്ലേ..? റോഡിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ടാകും. അഥവാ ലോറി കടന്നുപോയില്ലേൽ പിൻവശത്തുകയറ്റിയ വെള്ളമിറക്കി യാത്ര തുടരാം. എങ്ങനുണ്ട് എന്റെ ബുദ്ധി..?   വടംവലിയും, തീറ്റമത്സരവും, ചാക്കിൽ ചാട്ടവും ഒക്കെയായി എന്ത് അടിപൊളിയാണ് കഴിഞ്ഞ തവണ നമ്മൾ ഓണം ആഘോഷിച്ചത്…?  പക്ഷെ ഇത്തവണ നമ്മുടെ ഓണം, കോറോണമായിപ്പോയല്ലോ മക്കളേ… കഷ്ടം..

നല്ല അച്ചായത്തി പെൺപിള്ളേരുടെ മുൻപിൽ ഒന്ന് മിനുങ്ങാല്ലോ എന്നു കരുതി മീശ വെട്ടിയ വകയിൽ ഒരു ഭാഗം ആ വഴി പോയി. പക്ഷെ സാരമില്ല, മാസ്ക് നമ്മളെ കൊറോണയിൽ നിന്നു മാത്രമല്ല നാണക്കേടിൽ നിന്നും  രക്ഷിച്ചു…..മാസ്ക് മുഖ്യം ബിഗിലെ…….

കോളേജിലെക് കയറിവന്ന ഉടനെ കയ്യിലൊഴിച്ചു തന്ന സാനിടൈസർ, വല്ല നിവേദ്യം ആവും എന്നു കരുതി സേവിക്കാൻ തുടങ്ങിയപ്പോൾ, പയ്യന്മാർ ഇടപെട്ടതുകൊണ്ട് നാണക്കേടില്ലാതെ തടിയൂരി.എല്ലാതവണയും തിരുവോണത്തിന് നമ്മളെ നനച്ചിരുന്ന ചാറ്റൽ മഴ ഇപ്പോൾ ഇല്ല.. ഭാഗ്യം…. അത്തം കറുത്താൽ ഓണം വെളുക്കും എന്നല്ലേ പഴഞ്ചൊല്ല്..

2020 ലെ ഓണാഘോഷം അധികമായാൽ അത് മദ്യം പോലെയാണ്  “ആരോഗ്യത്തിനു ഹാനികരം ……”.  അകലം പാലിക്കുന്ന കളികളിൽ ഏർപ്പെടാവു.. അല്ലേൽ പണി കിട്ടുവേ…

കൊറോണ കാരണം മാലോകരെല്ലാം ഒരേപോലെയായി,  അപ്പൊ തിരഞ്ഞെടുപ്പില്ലാതെ എന്നെ നിങ്ങൾ ഒന്നുടെ രാജാവാക്കുവോ…? ചവിട്ടി താഴ്ത്താൻ ആളില്ലാതെ വാമനന് സങ്കടം ആവും…. അല്ലേൽ ഒരു കൈ നോക്കാരുന്നു.

കോറോണയെക്കാൾ പ്രശ്നം, ആരോഗ്യ പ്രവർത്തകർ പറയുന്നത് കേൾക്കാതെ കൊഞ്ഞനംകുത്തി, കോട്ടുവായിട്ട് , കറങ്ങിനടക്കുന്ന കുറേയെണ്ണമാണ്. സങ്കടത്തോടെയാണേലും ഞാൻ പറഞ്ഞുപോയതാ.. മാമ്മനോട് ഒന്നും തോന്നല്ലേ മക്കളേ..

പെട്ടിമുടിയിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായ എന്റെ മക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, സ്വർണ്ണക്കടത്തിലെ പ്രതികളെ ഉടനെ കൂട്ടിൽ അടക്കും എന്ന പ്രതീക്ഷയോടെ, കൊറോണ വഴിമുടക്കിയ കലാലയ ജീവിതത്തിൽ  ബദലായി വന്ന ഓൺലൈൻ ക്ലാസുകൾ സാധാരണ ക്ലാസുകൾക്ക്  വഴിമാറട്ടെ എന്ന പ്രാർത്ഥനയോടെ,  മാവേലി നാടു വാണീടും കാലം എന്ന ഈണത്തിൽ ഞാൻ ചിട്ടപ്പെടുത്തിയ കവിത ഇവിടെ  ഉദ്ദരിക്കുന്നു..

വണ്ടികളില്ല മാലിന്യമില്ല

എള്ളോളമില്ല പൊടിപടലം

ഫാസ്റ്റുഫുഡില്ല പിസയുമില്ല

വെസ്റ്റുകളെങ്ങുമേ കാണാനില്ല..

കവിതക്ക് നൽകിയ കയ്യടികൾക്ക് നന്ദി പറഞ്ഞുകൊണ്ട്, Swiggy ൽ ഓർഡർ ചെയ്ത സദ്യ എത്തിയതിനാൽ അവസാനമായി എല്ലാവരോടും രണ്ടു വാക്കുകൾ….

സോപ്പിട്ടോണം, മാസ്കിട്ടോണം, ഗ്യാപ്പിട്ടോണം,  വീട്ടിലിരുന്നോണം…..

ഏവർക്കും ഒരിക്കൽ കൂടി തിരുവോണാശംസകൾ.

എന്ന് സ്വന്തം   മഹാബലി.

Written By,  Jewel Jo Kuttikkattu.

For more posts : https://www.facebook.com/Jewel-Vlogs-Pala-107318594295853/

Leave a Reply

Your email address will not be published. Required fields are marked *